Skip to main content

കവിത

പടയാളി
പി.കുഞ്ഞിരാമൻ നായർ (കവിത) 
പതറാത്ത പടയാളി പുത്രശോക
മുറിവുണങ്ങാതെ താനത്രവിങ്ങുന്ന 
കേരളധാത്രിതൻ 
അസ്ഥിമാത്രാവശേഷനാം മേനിയിൽ 
വെട്ടി, ദൈവമിടിവാളലകിനാൽ 
നാലുദിക്കും പകച്ചുവിളർത്തുപോയി
നായനാര് തൻ ചരമവൃത്താന്തത്താൽ 
വിശ്രമിച്ചിതാം വിശ്രുതനാംനടൻ 
വിശ്വധാത്രിതൻ വൽസലോൽസഗത്തിൽ 
ആരുമാരും നിനക്കാതിരിക്കയാ 
കേരളഭാഗ്യതാരം തിരിച്ചുപോയി 
നിസ്തൂലംപരം ആ കർമ്മയോഗിതൻ 
നിത്യനിർമ്മല കർമ്മ പ്രദീപ്തിയിൽ 
വ്യക്തമായി കണ്ടുണർന്നു മഹാജനം 
മർത്യതതൻ വിലയും വിലയവും 
ദേവമാർഗ്ഗത്തിൽ വന്നുവരിച്ചൊര 
പാവനാഭക്ഷണികമാണെങ്കിലും 
തൂവിന്നിന്നിതാ ജ്യോതിസ്സ് അനശ്വര 
ജീവിതത്തിൽ പ്രകാരപൊലിമകൾ 
സ്മാരകമായി കിടക്കുന്നു മുമ്പിലാ 
വീരനേന്തിയ വാളും പരിചയും 
ഭൂതഭാവം വരട്ടെ മുന്നോട്ടിനി 
സോദരരതെടുത്തു പയറ്റുവിൻ 

തീറ്റ
സരീഷ് വി 
ഇലകള്‍ക്കിടയില്‍
ഒളിക്കാന്‍ മറന്നുപോയ
മഞ്ഞുതുള്ളികളെ
വെയില്‍
തിന്നു.
അലാറം 
അമൃത് കൃഷ്ണൻ (കവിത)
ഒരു വിളിയുടെ ഈണത്തിൽ 
ദുഖങ്ങളുടെയും യാതനകളുടെയും 
മറവിലേക്ക് ഒരു കരച്ചിൽ ഒലിച്ചിറങ്ങുന്നു 
അനാഥത്വത്തിന്റെ അലാറം വറ്റിച്ച 
മുലപ്പാലിന്റെ ഗന്ധം 
നാടിൻ കുളിരറിയില്ല 
സ്നേഹത്തിന്റെ സംഗീതമറിയില്ല 
വീടിന്റെ വിളിയറിയില്ല 
കുഞ്ഞുടുപ്പിൻ താരാട്ടറിയില്ല 
അമ്മയെന്ന താരാട്ടറിയില്ല 
മുലപ്പാലിൻ പുഴയോടാണവന് പ്രിയം 
സ്നേഹത്തിൻ മലയിലേക്കാണ് നോട്ടം 
ദുഖത്തിൻ പേമാരിയോടാണ് രോഷം 
അലോസരപ്പെടുത്തുന്ന നിസ്സഹായതയിൽ 
വലിച്ചെറിയപ്പെടുന്നവന്റെ വേദനകളിൽ 
മുങ്ങാംകുഴിയിട്ട ജന്മദൗത്യം 
മോചനത്തിന്റെ അലാറം വിളികൾ 
കേൾക്കുന്നതേയില്ലല്ലോ 
വാത്സല്യത്തിന്റെ ഒരു മൃദുസ്പർശമായ് 
ഒരിളങ്കാറ്റെങ്കിലും തലോടാതിരിക്കില്ല 

അവൾ എന്നിലുണ്ട്
അമിത മധുസൂദനൻ (കവിത)

ഓരോപകലും മരിക്കുമ്പോൾ 
നശിക്കുന്നത് എന്റെ സ്വപ്നങ്ങളാണ് 
ഓരോരാത്രിയും ചിരിക്കുമ്പോൾ കരയുന്നത് എന്റെ മനസ്സാണ് 
ഓരോചിരിയും ഇന്ന് 
കാപട്യത്തിന്റെ കുപ്പായമാണ് 
ഓർക്കാൻ ഇന്നലെകൾ 
തേടുമ്പോൾ 
കാണുന്നത് ഇരുണ്ടജീവിതങ്ങളാണ് 
ആരു വിളിച്ചാലും 
തിരിഞ്ഞുനോക്കാൻ ഭയമാണ് 
പക്ഷെ,
ഇപ്പോൾ കരുത്തായി അഗ്നിയായി 
മനസ്സിൽ ജ്വലിക്കുന്നുണ്ടവൾ 
മലാല..........
മലാല കരുത്താർജ്ജിക്കുന്നു 
എന്നിലൂടെ..... നിങ്ങളിലൂടെ...........



വിൽപ്പന 
അമൃത യു 
മീൻ വിറ്റ സ്ത്രീയിന്ന് 
ഭക്തി വിൽപ്പന നടത്തുന്നു 
മീൻ വിൽക്കുമ്പോൾ 
ആളുകളെ വിളിച്ച് വിളിച്ച് 
വിറ്റു 
ഭക്തി വിൽക്കുമ്പോൾ 
ആളുകൾ അങ്ങോട്ട്‌ പോയി 
വലിയ ക്യൂ നിൽക്കുന്നു 
ഉൽപ്പന്നം മാറിയപ്പോൾ 
വിൽപ്പനയുടെ സ്വഭാവവും മാറി 
ഗംഭീരം

നാണം
സരീഷ്.വി 

ഏതു പൂവാണ്
നാണമില്ലാതെ
മഴ  നനയുക?

"മ്മ''
എബി ബിജു 

'ഉമ്മകളുടെ' നാട്ടിൽ നിന്നും വന്ന ഗെയ്ല് 
ഉമ്മ നൽകുന്ന അമ്മയോടൊപ്പം കൂടി 
ഗായത്രിയായി 
ഉമ്മകൾക്ക് വിടനൽകി 
ആത്മീയ ചൈതന്യം തേടി .......
പലനാൾ കഴിഞ്ഞപ്പോൾ 
പലരും പലവട്ടം ഉമ്മനൽകി 
ഗായത്രിയെ  വീണ്ടും ഗെയ്ലാക്കി 
ഗെയ്ല് വീണ്ടും ഉമ്മകളുടെ നാട്ടിലേക്കും.
(ആൾ)ദൈവങ്ങളുടെ സ്വന്തം നാട്ടിൽ 
വിശുദ്ധനരകം കണ്ടത് 
ഗെയ്ല് ലോകത്തോട് 
വിളിച്ച് വിളിച്ച് പറഞ്ഞു 
നട്ടെല്ലുള്ളവർ ഉച്ചത്തിൽ അതേറ്റു വിളിച്ചു.
പറയേണ്ട പലരും 
നട്ടെല്ല് കത്തി പോലെ വളച്ചു 

Comments